ജംബോ, ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന് അന്തരിച്ചു. 99 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1951 ലാണ് ജെമിനി ശങ്കരന് സൂറത്തിനടുത് ബില്ലിമോറിയില്‍ ജെമിനി സര്‍ക്കസ് തുടങ്ങിയത്. 1977 ഒക്ടോബര്‍ 2 ന് ജംബോ സര്‍ക്കസ് തുടങ്ങി. കണ്ണൂര്‍ വാരത്ത് 1924 ജൂണ്‍ 13നായിരുന്നു ശങ്കരന്റെ ജനനം.
പലചരക്ക് ബിസിനസ് ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് വിരമിച്ച ശേഷമാണ് എന്നും തന്നെ ഭ്രമിപ്പിച്ചിട്ടുള്ള സര്‍ക്കസിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നത്.
കല്‍ക്കത്തയിലെ ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് സര്‍ക്കസ് ലോകത്ത് ശങ്കരന് പേരും പ്രശസ്തിയും നേടുന്നത്. റെയ്മന്‍ സര്‍ക്കസിലും ദീര്‍ഘകാലം ശങ്കരന് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ശങ്കരന് വിജയ സര്‍ക്കസ് സ്വന്തമാക്കുന്നത്. താന്‍ വാങ്ങിയ സര്‍ക്കസ് കമ്പനിയ്ക്ക് തന്റെ ജന്മരാശിയുടെ പേര് മതിയെന്ന് ശങ്കരന് തീരുമാനിച്ചതോടെ വിജയ സര്‍ക്കസ് ജെമിനി സര്‍ക്കസ് ആയി മാറുകയായിരുന്നു. 1977ലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി അദ്ദേഹം ജംബോ സര്‍ക്കസും ആരംഭിക്കുന്നത്.
പരേതയായ ശോഭനയാണ് ഭാര്യ. മക്കള്‍: അജയ് ശങ്കര്‍, അശോക് ശങ്കര്‍, രേണു ശങ്കര്‍.