പ്രധാനമന്ത്രി താജ് മലബാർ ഹോട്ടലിൽ നിന്നും കൊച്ചി നേവൽ ബേസിലേക്ക് യാത്ര തിരിച്ചു. നേവൽ ബേസിൽ നിന്നും തിരുവന്തപുരത്തേക്ക് ഉടൻ യാത്ര തിരിക്കും. രാവിലെ കൃത്യം 10 മണിക്ക് തിരുവനന്തപുരത്ത് എത്തും. സെൻട്രൽ സ്റ്റേഡിയത്തിലാണ് വാട്ടർ മെട്രോയുടെയും വന്ദേ ഭാരതിന്റെയും ഉദ്ഘാടനം നിർവഹിക്കുക.
രാവിലെ 10.10ന് ശംഖമുഖത്ത് എയർഫോഴ്സിന്റെ ഏര്യയിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിക്കും. വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി 10.30യോടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തും. 10.50 വരെ റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രി ചെലവഴിക്കും.
ഫ്ലാഗ് ഓഫിനു ശേഷം പ്രധാനമന്ത്രി 11 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദിയിലെത്തും. 3200 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ നിർമാണ ഉദ്ഘാടനവും നിർവഹിക്കും.ഇതിനു ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങിപോകും.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.