കൊച്ചി വാട്ടർ മെട്രോ; വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസിന് ഇന്ന് തുടക്കം

കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസ് ഇന്ന് ആരംഭിക്കും. ഏഴ് മണിക്കാണ് സർവീസ് തുടങ്ങുക. ഇന്നലെ സർവീസ് ആരംഭിച്ച വൈപ്പിൻ – ഹൈകോർട്ട് റൂട്ടിൽ ആദ്യ ദിനം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ആദ്യ ദിനം 6559 പേരാണ് വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. സർവീസ് ആരംഭിച്ച രാവിലെ ഏഴു മണി മുതൽ രാത്രി 8 വരെയുള്ള കണക്കാണിത്. ഇത്രയധികം പേർ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരല്ല. വാട്ടർ മെട്രോ കാണുന്നതിനും യാത്രയ്ക്കുമായെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പടെയാണ് ഇത്രയധികം യാത്രക്കാർ ആദ്യ ദിനം എത്തിയത്. വരും ദിവസങ്ങളിലും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട് മെട്രോ അധികൃതർ. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ടു ബോട്ടുകളുണ്ട് വാട്ടർ മെട്രോയ്ക്ക്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി ടിക്കറ്റ് നിരക്ക് നാല്പത് രൂപയുമാണ്.

നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. മലിനീകരണം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർമെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട് -വൈപ്പിൻ 20 രൂപയും വൈറ്റില-കാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp