തൃശൂരിൽ ആവേശമായി പൂരങ്ങളുടെ പൂരം. താള-മേള വാദ്യങ്ങളോടെ പൂരം കൊഴുക്കുകയാണ്. കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുംനാഥ സന്നിധിയിൽ എത്തിയത്. പിന്നാലെ നൈതലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമെത്തി. ആയിരങ്ങളാണ് തിടമ്പേറ്റി വരുന്ന ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ എത്തിച്ചേർന്നത്.
വാദ്യഘോഷം തീർക്കുന്ന മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ തുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളും. ലോകത്തിലെ ഏറ്റവും വലിയ വാദ്യമേളയായ ഇലഞ്ഞിത്തറമേളം രണ്ടുമണിയോടെ തുടങ്ങും. അഞ്ചുമണിയോടെ തെക്കോട്ടിറക്കം. പിന്നെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുടമാറ്റം.
എഴുന്നള്ളിപ്പുകൾ രാത്രിയിലും ആവർത്തിക്കും. പുലർച്ചെ മൂന്നിന് വെടിക്കെട്ട്. അതേസമയം തൃശൂർ നഗരത്തിൽ ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇന്നും മഴ ഭീഷണി നിലനിൽക്കുകയാണ്.