മധ്യപ്രദേശിലെ മൊറേന ജില്ലയിൽ കൂട്ടക്കൊല. ഭൂമി തർക്കത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. മരിച്ചവർ ഒരേ കുടുംബത്തിൽ പെട്ടവരാണ്. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
മൊറേന ജില്ലയിലെ പോർസയിലെ ലെപ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭൂമിയെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിൽ ഏറെക്കാലമായി തർക്കം നിലനിൽക്കുന്ന പ്രദേശമാണിത്. ഇതിൻ്റെ തുടർച്ചയെന്നോണം ദീർ സിംഗ്-ഗജേന്ദ്ര സിംഗ് കുടുംബങ്ങൾ തമ്മിൽ വീണ്ടും തർക്കമുണ്ടായി. വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ, ധീർ സിംഗും കുടുംബാംഗങ്ങളും ആയുധങ്ങളുമായി ഗജേന്ദ്ര സിംഗിന്റെ വീട് ആക്രമിച്ചു.
ഗജേന്ദ്ര സിംഗിനും കുടുംബത്തിനും നേരെ ധീർ സിംഗ് വെടിയുതിർക്കുകയായിരുന്നു. മൂന്ന് സ്ത്രീകളടക്കം ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിവെപ്പിനെ തുടർന്ന് ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ 2013ൽ ധീർ സിംഗിൻ്റെ കുടുംബത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.