വിവാദങ്ങള്‍ക്കും പ്രതിപക്ഷ ആരോപണങ്ങള്‍ക്കും ഇടയില്‍ എഐ ക്യാമറയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എഐ ക്യാമറാ വിവാദം ചര്‍ച്ചയായില്ല. ചര്‍ച്ചയില്‍ വിവാദത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചില്ല. സര്‍ക്കാര്‍തല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് ധാരണ. സംഘടനാ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
എഐ ക്യാമറ ഇടപാടിലെ അഴിമതി ആരോപണത്തില്‍ നിര്‍ണായക രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി കയ്യില്‍ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി.