രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണു. ഹനുമാന്‍ഗഢിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പ്രദേശവാസികള്‍ മരിച്ചു. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സൂറത്ത്ഗഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഹനുമാന്‍ഗഢിലെ ബഹ്ലോല്‍നഗറിലെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. പ്രദേശവാസികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എസ്പി സുധീര്‍ ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ജനുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ പരിശീലനത്തിനിടെ ഐഎഎഫിന്റെ സുഖോയില്‍ എസ്യു 30, മിറാഷ് 2000 എന്നീ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്ന് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിലുമാണ് തകര്‍ന്നുവീണത്.
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണിരുന്നു. കഴിഞ്ഞ മാസവും സമാന അപകടമുണ്ടായി. ഏപ്രിലില്‍ കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ട്രയല്‍സ് നടത്തുന്നതിനിടെ ക്രാഷ് ലാന്‍ഡിങ്ങ് നടത്തിയപ്പോഴായിരുന്നു അപകടം