ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം ഇന്നും തുടരുമെന്ന് അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.

പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നത് ഉള്‍പ്പടെ 8 ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിനാണ് കെജിഎംഒഎയുടെ തീരുമാനം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10.30 നാണ് ചര്‍ച്ച നടക്കുക.

താഴെപ്പറയുന്നതാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ

1 ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.

2 സിസിടിവി ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.

3 അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക

4 അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.

5 പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.

6 കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക.

7 അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക

കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്ന് ഈ മാസം 10ന് പുലർച്ചെയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp