പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി രംഗത്ത്. ഡോക്ടർമാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ. ശാന്തകുമാരി പ്രതികരിച്ചു. അത്യാഹിത വിഭാഗത്തിൽ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് താൻ പറഞ്ഞതെന്ന് അവർ വിശദീകരിച്ചു.
തന്റെ പെട്ടെന്നുള്ള പ്രതികരണം ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ വ്യക്തമാക്കി. സാധാരണക്കാരി എന്ന നിലയിലാണ് ആശുപത്രിയിൽ പോയത്. എം.എൽ.എ എന്ന നിലയിൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മോശമായി പെരുമാറരുത് എന്ന് മാത്രമാണ് പറഞ്ഞതെന്നും അവർ വ്യക്തമാക്കി.
കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ ഗുരുതര പരാതിയാണ് കെജിഎംഒഎ ഉന്നയിച്ചത്. ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. താൻ എംഎൽഎ ആണെന്ന് പറഞ്ഞ് തങ്ങളോട് കയർക്കുകയായിരുന്നുവെന്ന് കെജിഎംഒഎ ആരോപിക്കുന്നു.
ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് സംഭവമുണ്ടായത്. ഇതുകൊണ്ടാണ് ഡോക്ടർമാർക്ക് മർദനമേൽക്കുന്നതെന്ന തരത്തിൽ എം.എൽ.എ തങ്ങളെ അപമാനിച്ചു സംസാരിച്ചുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.
ഡോക്ടർമാരുടെ സമരം നടക്കുന്ന അവസരത്തിൽ ക്യാഷ്വാലിറ്റിയിൽ ഇത്ര തിരക്കുള്ള സമയത്ത് ടെംപറേച്ചർ നോക്കാൻ തെർമോമീറ്റർ ഇല്ലേയെന്ന് ചോദിച്ച് എം.എൽ.എ കയർക്കുകയായിരുന്നുവെന്ന് ഡ്യൂട്ടിലിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. ആരോഗ്യമന്ത്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.