‘ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കുന്നത് രണ്ട് ഗർഭിണികൾ; നരകമായി നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയുടെ പ്രസവ വാർഡ്

നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗർഭിണികൾ നരകയാതന അനുഭവിക്കുന്നതായി റിപ്പോർട്ട്. ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കേണ്ടി വരുന്നത് രണ്ട് ഗർഭിണികൾക്കാണ്. ഒരു ദിവസം മാത്രം മുപ്പതിലേറെ ഗർഭിണികളെത്തുന്ന ഈ വാർഡിൽ ആകെയുള്ളത് 14 ബെഡ്ഡും, രണ്ട് ടേബിളുകളും ഒരു യൂറോപ്യൻ ക്ലോസറ്റ് മാത്രം ഉൾപ്പെടുന്ന മൂന്ന് കക്കൂസുകളുമാണ്. സിന്ധു സൂരജ് എന്ന സ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശുപത്രിയിലെ പ്രസവവാർഡിലെ ദുരിതജീവിതം ലോകമറിയുന്നത്. 

ഇന്നലെ മാത്രം വന്ന 35 അഡ്മിഷനുകളിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും , വെള്ളം പോയി തുടങ്ങിയതുമായി വേദനയുടെ പരകോടി താങ്ങുന്നവർ നിലത്തുപോലും പായ വിരിച്ചു കിടക്കാൻ ഇടമില്ലാതെ ദുരിതത്തിലായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ സിന്ധു വിവരിക്കുന്നു.

‘ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും’ സിന്ധു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp