വിമാനത്താവളത്തിൽ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തതിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം 16000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. എറണാകുളം വെണ്ണല സ്വദേശിയായ ടിജിഎൻ കുമാർ സമർപ്പിച്ച പരാതിയിൽ ജില്ല ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി. എൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാൽ പരാതിക്കാരന് പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ച് വിട്ടതും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം യാത്രികന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
‘വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാൻ കഴിയാത്ത പരാതികളുമായി സാധാരണക്കാർ ഉപഭോക്തൃ കോടതികളുടെ വാതിലിൽ മുട്ടുമ്പോൾ നിശബ്ദരായി നോക്കി നിൽക്കാനാവില്ല’- വിധിന്യായത്തിൽ കോടതി വിലയിരുത്തി.
പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മന:ക്ലേശത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും സിയാൽ ഒരു മാസത്തിനകം നൽകണമെന്നും ഉപഭോക്തൃ കോടതി നിർദ്ദേശിച്ചു.