കൊച്ചിയിൽ പുറംകടലിൽ 25000 കോടിയുടെ ലഹരിവേട്ട; പിടിയിലായ പാകിസ്താൻ പൗരൻ കാരിയർ എന്ന് എൻസിബി

കൊച്ചി പുറംകടലിൽ ലഹരിവേട്ടയ്ക്കിടെ പിടിയിലായ പാകിസ്താൻ പൗരൻ സുബൈർ മയക്കുമരുന്ന് കാരിയർ എന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വൻ തുക പ്രതിഫലം വാങ്ങി സുബൈർ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടി.

132 ബാഗുകളിലായി കപ്പലിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സുകൾ. ഇങ്ങനെയുള്ള 2525 ബോക്സുകളിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ. പാക്കിസ്ഥാൻ സ്വദേശിയായ സുബൈർ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് വേണ്ടിയെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സുബൈർ കാരിയർ ആണ്. വലിയ തുക വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. റിമാൻഡിൽ കഴിയുന്ന സുബൈറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കൊച്ചി പുറം കടലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപ വില വരുന്ന രാസ ലഹരി പാക്കിസ്ഥാൻ കാരനായ ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘത്തിന്റേതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വലിയതോതിൽ ലഹരിമരുന്ന് കടൽ വഴി മറ്റിടങ്ങളിലേക്ക് കടത്തുന്ന സംഘം ആണ് ഹാജി സലീമിന്റേത്. മറ്റ് രാജ്യാന്തര റാക്കറ്റുകളുടെ സഹായം ലഹരി മരുന്നു കടത്താൻ ഹാജി സലീമിന് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ചും നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ലഹരി മരുന്നുകൾ പാക്ക് ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും പാക്കറ്റുകളിൽ ഇത് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ടെന്നും എൻസിബി സൂപ്രണ്ട് എം ആർ അരവിന്ദ് പറഞ്ഞു.

ലഹരി എത്തിക്കാൻ ഉപയോഗിച്ച കപ്പൽ നാവികസേനയുടെ ഹെലികോപ്റ്ററും കപ്പലും പിന്തുടരുന്നത് അറിഞ്ഞ ലഹരി കടത്ത് സംഘം കടലിൽ മുക്കി. ഈ കപ്പൽ കണ്ടെത്താനുള്ള നീക്കവും അന്വേഷിച്ച് ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. നേവിയുടെ കൂടി സഹകരണത്തോടെ ആയിരിക്കും നടപടികൾ. മുക്കിയ കപ്പൽ കണ്ടെത്താൻ കഴിഞ്ഞാൽ കേസിൽ നിർണായ വിവരങ്ങൾ ആകും അന്വേഷണ സംഘത്തിന് ലഭിക്കുക. സംഭവത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp