സ്ത്രീശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് കാതലായ മാറ്റം വരുത്തിയ കുടുംബശ്രീയുടെ ചരിത്രവും ഇടപെടലുകളും വിശദമായി അറിയാം…
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഇ കെ നായനാര്‍ സര്‍ക്കാരാണ് തദ്ദേശ ഭരണവകുപ്പിന് കീഴില്‍ കുടുംബശ്രീ ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യ പദ്ധതി ആയതിനാല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് ആണ് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. 1998 മെയ് 17 ന് മലപ്പുറത്തായിരുന്നു ഉദ്ഘാടനം. സ്ത്രീശാക്തീകരണത്തില്‍ ഉൂന്നിയ സാന്പത്തികസാമൂഹ്യ ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം.
അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശ്വാസവും മുഖേന സ്ത്രീകള്‍ സ്വയം ശാക്തീകരിക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കുടുംബശ്രീയിലൂടെ സംസ്ഥാനത്തുടനീളം നടക്കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 3.09 ലക്ഷം അല്‍ക്കൂട്ടങ്ങളിലായി 46 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ , ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാക്കൂട്ടായ്മകളിലൊന്നാണ്. വ്യക്തിഗത സംരംഭങ്ങള്‍ മുതല്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ , കേരള ചിക്കന്‍, സംഘകൃഷി ഗ്രൂപ്പുകള്‍ തുടങ്ങി കൊച്ചി മെട്രോ വരെ എത്തി നില്‍ക്കുന്നു കുടംബശ്രീയുടെ സാന്നിധ്യം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഏഴ് കോടി രൂപയാണ് അയല്‍ക്കൂട്ടങ്ങള്‍ മുഖേന സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ രംഗത്തേക്ക് സ്ത്രീകളുടെ പ്രവേശനത്തിനുള്ള ചാലക ശക്തി കൂടിയാണ് കുടുംബശ്രീ. നീണ്ട 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജന രംഗത്ത് കുടുംബശ്രീ മികച്ച മാതൃകയും സൃഷ്ടിച്ചു.