രണ്ടാമത് മാറ്റി അയക്കേണ്ട. മെസേജുകൾ അയച്ചാലും ഇനി തിരുത്താം; എഡിറ്റ് ബട്ടൺ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങൾ തന്നെയാണ് വാട്സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്.

ഇനി വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് എഡിറ്റ് ബട്ടൺ. മെസേജ് എഡിറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്സാപ്പിൽ കാണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ, എന്തെങ്കിലും പിശക് സംഭവിച്ചാൽ മെസേജുകൾ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷനാണ് അവതരിപ്പിക്കുന്നത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും ‘ഈ സന്ദേശം ഇല്ലാതാക്കി’ എന്ന് വാട്സാപ്പിൽ കാണാം

ഇതിനുമുമ്പ് ട്വിറ്ററും എഡിറ്റ് ബട്ടൺ ഫീച്ചർ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. അഞ്ച് അവസരങ്ങളാണ് ഒരു ട്വീറ്റ് എഡിറ്റു ചെയ്യാൻ നൽകുക. ഇതിലും ഒറിജിനൽ ട്വീറ്റ് പരിഷ്കരിച്ചിട്ടുണ്ടോ എന്ന് ആളുകൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുന്നതിന് എഡിറ്റുചെയ്‌ത ട്വീറ്റുകൾ ഒരു ഐക്കൺ, ടൈംസ്റ്റാമ്പ്, ലേബൽ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. ട്വിറ്ററിന് സമാനമായ രീതികൾ തന്നെയായിരിക്കും വാട്സാപ്പും ഉപയോഗിക്കുക. വാട്സാപ് പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത് തുടരുകയാണ്. എന്നാൽ എന്ന് ലഭ്യമാകും എന്നതിനെ കുറിച്ച് വ്യക്തമല്ല. വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിന്റെ 2.22.20.12 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp