അണ്ടര്‍ 17 ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം; പി വി ശ്രീനിജനെതിരെ നടപടി വേണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലപാട്.

വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികള്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കൊച്ചിന്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 8 ലക്ഷംരൂപവാടക ഇനത്തില്‍ നല്‍കാന്‍ ഉണ്ടെന്നാണ് പി വി ശ്രീനിജന്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളി. പി വി ശ്രീനിജന്റെ നിലപടില്‍ പ്രതിഷേധിച്ച് എറണാകുളം സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുകയും ചെയ്തു. കുട്ടികളെ പുറത്ത് നിര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp