എഐ ക്യാമറ: ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ്

എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.

726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്.

അതേസമയം സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. നിശ്ചയിച്ചത് പോലെ തന്നെ ജൂണ്‍ ഏഴുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികണ്‍സെഷന് പ്രായപരിധി നിശ്ചയിക്കു അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

ഒരു പ്രകോപനവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ആഗ്രഹിച്ച രീതിയില്‍ ബസ് ചാര്‍ജ് വര്‍ധന വരുത്തിയതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. വീണ്ടും ഒരു പ്രകോപവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് സമരം പ്രഖ്യാപിച്ചത്. അതിന് ശേഷം ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല.ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തി സമരത്തിലേക്ക് ഇറങ്ങുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp