മാധ്യമ പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി- കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനും സി.പി.എം നേതാവുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരക്ക് ഇദ്ദേഹത്തെ പുളിക്കൽ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ആലുങ്ങലിൽ കണ്ടവരുണ്ട്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയുമായി റസാഖ് കടുത്ത ഭിന്നതയിലായിരുന്നു. റസാഖിന്റെ സഹോദരന്റെ മരണത്തിന് കാരണം പഞ്ചായത്ത് അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള വിഷമാലിന്യമാണെന്ന തരത്തിൽ റസാഖ് ആരോപണം ഉന്നയിച്ചിരുന്നു. പഞ്ചായത്തിന് എതിരെ നൽകിയ പരാതികൾ അടക്കമുള്ള ഫയലുകൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു.

സി.പി.എം നേതാവ് കൂടിയായ റസാഖ് നേരത്തെ പുളിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എം ടിക്കറ്റിൽ മത്സരിച്ചിരുന്നു. തന്റെ വീടും പുരയിടവും ഇ.എം.എസ് അക്കാദമിക്ക് ഇഷ്ടദാനം നൽകിയിരുന്നു റസാഖ്. കൊണ്ടോട്ടിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. നേരത്തെ വർത്തമാനം ദിനപത്രത്തിൽ കോർഡിനേറ്റിംഗ് എഡിറ്ററായും പ്രവർത്തിച്ചു. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ ഭാര്യയുടെ സഹോദരനാണ്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp