സിദ്ദിഖിനെ നഗ്നനാക്കി ചിത്രമെടുക്കാൻ ശ്രമിച്ചു; കൊലപാതകത്തിന് പിന്നിൽ ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫർഹാനയും സിദ്ദിഖും തമ്മിൽ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാനാണ് ഫർഹാന ബാഗിൽ ചുറ്റിക കരുതിയിരുന്നത്. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുക്കുകയായിരുന്നു. തുടർന്ന് സുദ്ദിഖിനെ ആഷിക് ചവിട്ടി വീഴ്ത്തി. ഫർഹാന നൽകിയ ചുറ്റിക കൊണ്ടാണ് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്.

ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ പറഞ്ഞു.

ഫർഹാന ആരെയും കൊല്ലില്ലെന്ന് ഫർഹാനയുടെ ഉമ്മ പറയുന്നു. ‘ഷിബിലി ചെയ്യിച്ചതാവും എല്ലാം. ഫർഹാനയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ഷിബിലിയാണ്. ഫർഹാനയെ കടക്കാരിയാക്കിയതും ഷിബിലിയാണ്. മോഷ്ടിക്കാൻ പ്രേരിപ്പിച്ചതും ഷിബിലിയാണ്’- ഉമ്മ പറയുന്നു. ഷിബിലിയാണ് ഫർഹാനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. ഷിബിലിയുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനാണ് ഫർഹാനയെ കൊണ്ടുപോയതെന്ന് ഉമ്മ പറയുന്നു. ഇതല്ലാതെ തങ്ങൾക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്ന് ഉമ്മ ട്വന്റിഫോറിനോട് പറഞ്ഞു

ഫർഹാനയും ഷിബിലിയും തമ്മിൽ വിവാഹം കഴിക്കാൻ വേണ്ടി സമീപിച്ചെന്ന് ചളവറ മഹല്ല് കമ്മറ്റി സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ നോയമ്പിന് മുന്നോടിയായി വിവാഹം നടത്താനായിരുന്നു ആവശ്യം. എന്നാൽ ഷിബിലിയുടെ മഹല്ലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് വിവാഹം നടത്തി കൊടുത്തില്ല. മറ്റൊന്നും തങ്ങൾക്ക് അറിയില്ലെന്നും മഹല്ല് കമ്മറ്റി സെക്രട്ടറി ഹസൻ വ്യക്തമാക്കി.

ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്. പ്രതികളെ രാത്രിയോടെ കേരളത്തിൽ എത്തിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp