എ.ഐ ക്യാമറ മിഴിതുറന്നപ്പോൾ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്

എ.ഐ. ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന വിലയിരുത്തലിൽ ഗതാഗത വകുപ്പ്. പിഴ ചുമത്തി തുടങ്ങുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷമായിരുന്നു നിയമ ലംഘനങ്ങളുടെ എണ്ണം. എന്നാൽ, ഇന്നലെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്.

ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. മലപ്പുറത്തു 545 നിയമ ലംഘനങ്ങൾ മാത്രമാണ് ക്യാമറയിൽ പതിഞ്ഞത്. പിഴ ഈടാക്കി തുടങ്ങിയെങ്കിലും പ്രതിഷേധവും തെളിവ് നിരത്തലും സജീവമാക്കാനാണ് പ്രതിപക്ഷ നീക്കം.

തിരുവനന്തപുരം- 4362, പത്തനംതിട്ട- 1177, ആലപ്പുഴ- 1288, കോട്ടയം. 2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കണക്ക്.

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും. ഇരുചക്ര വാഹനയാത്രക്കാർ രണ്ട് കാര്യങ്ങൾ സൂക്ഷിക്കണം. ഓടിക്കുന്നയാൾക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാൾക്കും ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റില്ലങ്കിൽ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവർലോഡിങാണ്. ഡ്രൈവറുൾപ്പെടെ രണ്ട് പേർക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാൽ 1000 രൂപ പിഴയാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp