മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കുറ്റകാരൻ അല്ല, തെറ്റ് ചെയ്തിട്ടില്ല. എൻ.ഐ.സി വഴിയാണ് ലിസ്റ്റ് എടുത്തത്, അതിൽ പേര് കാണിക്കുന്നുണ്ട്. പിഴവ് പറ്റിയത് എൻ.ഐ.സിക്കാണ്. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടില്ല. ലിസ്റ്റിൽ പേരുണ്ടായിരുന്നു,പക്ഷെ ഫീസടച്ചില്ല. ആർഷോ പറഞ്ഞത് ശെരിയാണെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചത്. 2020 അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ പറഞ്ഞു. മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാർത്ത നൽകാൻ തയ്യാറായി. തനിക്കെതിരെ വ്യാജ വാർത്ത നൽകി വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും അദ്ദേഹം വിമർശിച്ചു. തന്നെയും എസ്‌എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിൻസിപ്പൽ ഇന്നും നടത്തി. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണം. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും അദ്ദേഹം വിമർശിച്ചു.