തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ മടിപ്പാക്കം സ്വദേശി 51 വയസ്സുള്ള സന്തോഷ് പീറ്റര്‍ , ഭാര്യ കോട്ടയം സ്വദേശി 50 വയസ്സുള്ള സുനി സന്തോഷ് പീറ്റര്‍, മകള്‍ 20 വയസ്സുള്ള ഐറിന് എന്നിവരാണ് മരിച്ചത്. കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപത്തെ മലബാര്‍ ടവര്‍ ഗസ്റ്റ് ഹൗസ് എന്ന ലോഡ്ജിലെ മുറിയിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.
കുടുംബ സമേതം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു മരിച്ച ചെന്നൈ സ്വദേശികള്‍. ഇക്കഴിഞ്ഞ 4ന് രാത്രി 12ഓടെയാണ് ഇവര്‍ തൃശ്ശൂരിലെത്തി ലോഡ്ജില്‍ മുറിയെടുക്കുന്നത്. 7 ന് രാത്രി പോകുമെന്നും ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് പീറ്ററെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഭാര്യ സുനി കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മകളെ കഴുത്തില്‍ കെട്ടോട് കൂടിയ തുണി മുറിച്ച നിലയില്‍ ബാത്ത് റൂമില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്യുന്നതായാണ് കുറിപ്പിലുള്ളത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ.