എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലം; നിർമ്മാണോദ്ഘാടനം ഇന്ന്

എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഐ എം യു പി സ്കൂളിൽ (അഴീക്കോട് ജെട്ടി ) വച്ച് രാത്രി എട്ട് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷനാകും.

കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലം കിഫ്ബി യിൽനിന്ന് 160 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുക. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനമ്പം പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ആവശ്യത്തിനുള്ള വൈദ്യുതീകരണവും ഉണ്ടാകും.

നിർമ്മാണോദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ച് മണി മുതൽ വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന കലാസന്ധ്യ ഗ്രാമോത്സവം എന്ന പരിപാടിയിൽ ഒപ്പന, കൈകൊട്ടിക്കളി, തിരുവാതിര, നൃത്താവിഷ്കാരങ്ങൾ, നാടൻപാട്ടുകൾ, സംഗീത വിരുന്ന്, ലഘുനാടകങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടികജാതി- പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും. എം പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ , തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ഡേവിസ് മാസ്റ്റർ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ മുഖ്യാതിഥികളാകും. ടീം ലീഡർ നോർത്ത് കെ ആർ എഫ് ഇ ബി (കേരള റോഡ് ഫണ്ട് ബോർഡ്) എസ്.ദീപു സാങ്കേതിക വിവരണം നടത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp