കരിയറിൽ 23-ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന മൂന്നാം സീഡ് നോവാക് ജോക്കോവിച്ചും നോർവീജിയൻ യുവ താരം കാസ്പെർ റൂഡും 2023 ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് മുന്നേറി. ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസിനെ തോൽപ്പിച്ചാണ് സെർബിയൻ താരം ജോക്കോവിച്ചിൻറെ മുന്നേറ്റം. രണ്ടാം സെമി ഫൈനലിൽ ജർമൻ 22-ാം സീഡ് അലക്‌സാണ്ടർ സ്വെരേവിനെ തോൽപ്പിച്ചാണ് കാസ്പെർ റൂഡ് ഫൈനലിലേക്ക് എത്തുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് കാസ്പെർ റൂഡ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
കരിയറിൽ ആദ്യമായാണ് ഗ്രാൻഡ് സ്ലാം വേദിയിൽ ആൽക്കാരസും ജോക്കോവിച്ചും ഏറ്റുമുട്ടിയത്. മത്സരത്തിനിടെ പരുക്ക് വില്ലനായതാണ് അൽക്കാരസിന് തിരിച്ചടിയായത്. അതോടെ, ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന രണ്ട് സെറ്റുകൾക്ക് ശേഷം അവസാന സെറ്റുകൾ ജോക്കോ ആധികാരികമായി നേടി. ഇരു താരങ്ങളും കളിമൺ കോർട്ടിൽ തങ്ങളുടെ പോരാട്ടവീര്യം കാഴ്ചവെച്ചപ്പോൾ കാണികൾക്ക് ഒരുങ്ങിയത് വിരുന്ന്. ആദ്യ സെറ്റ് 6-3 വിജയിച്ച് ജോക്കോവിച്ച് ആൽക്കാരസിന് മുന്നറിയിപ്പ് നൽകി. എന്നാൽ, ആൽക്കാരസിന്റെ നീക്കങ്ങൾ മത്സരത്തിലെ രണ്ടാമത്തെ സെറ്റ് കുറച്ചുകൂടി കടുപ്പമായി. ആദ്യ ഘട്ടത്തിൽ ആൽക്കരസ് ലീഡ് നേടിയെങ്കിലും ജോക്കോ സ്കോർ 5-5 ൽ എത്തിച്ചു. എന്നാൽ, അവസാന രണ്ട് ഗെയിമുകളും ആൽക്കരസ് നേടി 7-5ന് സെറ്റ് കൈപ്പിടിയിലൊതുക്കി. മൂന്നാം സെറ്റിൽ മുന്നിട്ട് നിൽക്കുമ്പോഴാണ് ആൽക്കാരസിന് പരുക്ക് വില്ലനായത്. ചികിത്സക്ക് ശേഷം കളിക്കളത്തിലെത്തിയ താരത്തിന് പഴയ പ്രകടനമോ പോരാട്ട വീര്യമോ കാഴ്ച്ചവെക്കാൻ സാധിച്ചില്ല. മൂന്നാം സെറ്റും നാലാം സെറ്റും 6-1ന് നേടിയ ജോക്കോവിച്ച് ആധികാരികമായി ഫൈനലിലേക്ക് കടന്നു.
മൂന്നു സീറ്റുകളും ആധികാരിമായി നേടിയാണ് കാസ്പെർ റൂഡിന്റെ ഫൈനൽ പ്രവേശനം. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും കാസ്പെർ റൂഡ് നേടി. മൂന്നാമത്തെ സെറ്റ് ഏകപക്ഷീയമായിരുന്നു. അലക്‌സാണ്ടർ സ്വെരേവിന് ഗെയിം നേടാനുള്ള ഒരു അവസരം പോലും കൊടുക്കാതെ കാസ്പെർ റൂഡ് 6-0 നാണ് മൂന്നാം സെറ്റ് നേടിയത്. നാളെ വൈകീട്ട് 06:30നാണ് ഫ്രഞ്ച് ഓപ്പൺ ഫൈനൽ. നാളത്തെ മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ റാഫേൽ നദാലിനെ മറികടന്ന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോർഡ് ജോക്കോവിച്ചിന് കൈവശപ്പെടുത്താൻ സാധിക്കും.