സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: പുൽപ്പള്ളിയിൽ ഇഡി പരിശോധന തുടരും

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ ഇഡിയുടെ പരിശോധന തുടരും. തട്ടിപ്പ് നടന്ന 2016 മുതലുള്ള മൂന്ന് വർഷത്തെ രേഖകളാണ് പരിശോധിക്കുന്നത്. ഇഡിയുടെ കൊച്ചി-കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

പ്രതികളായ കെ.കെ.എബ്രഹാം, സജ്ജീവൻ കൊല്ലപ്പള്ളി, രമാദേവി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മെയിൻ ഓഫീസിലും ഇന്നലെ രാത്രി വരെ പരിശോധന നീണ്ടുനിന്നു. അതേസമയം, വായ്പാ തട്ടിപ്പിന് ഇരയായ കേളക്കവല സ്വദേശി രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കാൻ പുൽപ്പള്ളി പൊലീസ് തീരുമാനിച്ചു.

കേസിലെ നിർണായക തെളിവായ ആത്മഹത്യാ കുറിപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. സജീവൻ കൊല്ലപ്പള്ളി, കെ.കെ എബ്രഹാം എന്നിവരടക്കം അഞ്ചുപേരാണ് തൻ്റെ മരണത്തിന് കരണക്കാരായി ആത്മഹത്യാ കുറിപ്പിൽ രാജേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. അതേസമയം കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp