മഹാരാജാസ് കോളജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ കെ വിദ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു. എസ്എഫ്ഐ നേതാവായിരിക്കെയാണ് വിദ്യ മുഴുവൻ തട്ടിപ്പും നടത്തിയത്. എംഫില്ലിന് പഠിക്കുമ്പോഴും വിദ്യ തട്ടിപ്പ് നടത്തിയെന്നും വിദ്യ പഠിച്ച കള്ളിയാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
ചേപ്പാടി വിദ്യകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരിടത്ത് വിദ്യാർത്ഥിയായും മറ്റൊരിടത്ത് അധ്യാപകനായും തട്ടിപ്പ് നടത്തി. സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കാലടി സർവകലാശാലയിൽ വിദ്യ എംഫിൽ ചെയ്തത്. കാലടി സംസ്കൃത സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ടാണ് വഴിവിട്ട നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്.
പിഎച്ച്ഡി പ്രവേശനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. സംഭവത്തിന് പിന്നിലെ ഉന്നത നേതാക്കളുടെ പങ്ക് കണ്ടെത്തണം. സർക്കാരിന്റെയും സർവകലാശാലയുടെയും അന്വേഷണ പ്രഹസനങ്ങളിൽ കെഎസ്‌യുവിന് വിശ്വാസമില്ല. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം.എസ്എഫ്ഐ, സിപിഐഎം നേതാക്കളുമായി വിദ്യയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവരുടെ സംരക്ഷണത്തിലാണ് വിദ്യ ഇപ്പോൾ ഉള്ളതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
എസ്‌എഫ്‌ഐ നേതാക്കളുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ വിദ്യയെ കണ്ടെത്താനാകും. ആർഷോയുടെ പരാതി അന്വേഷിക്കാൻ തിടുക്കപ്പെട്ട് പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാർ വിദ്യയ്‌ക്കെതിരായ അന്വേഷണത്തിൽ ഇഴഞ്ഞു നീങ്ങുന്നു. തെളിവ് നശിപ്പിച്ച് രക്ഷപ്പെടാൻ വിദ്യയ്ക്ക് അവസരം നൽകുകയാണ് സർക്കാരും സിപിഐഎമ്മും. ഇതൊന്നും വിദ്യ ഒറ്റയ്ക്ക് ചെയ്യില്ല. മന്ത്രി പി.രാജീവ് പി.എച്ച്.ഡി പ്രവേശനത്തിന് സൗകര്യമൊരുക്കിയെന്നും കെ.എസ്.യു.