കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തി വിവരങ്ങൾ ചോര്‍ന്നു; മൗനം തുടർന്ന് കേന്ദ്രം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ചോര്‍ന്നതില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. കൊവിന്‍ ആപ്പിലെ വിവരങ്ങളാണ് ടെലഗ്രാമിലൂടെ ചോര്‍ന്നത്. വാക്സിനേഷന്‍ സമയത്ത് നല്‍കിയ പേര്, പാന്‍കാര്‍ഡ്, ആധാര്‍, പാസ്പോര്‍ട്ട്, വാക്സിനെടുത്ത കേന്ദ്രം, ജനന വര്‍ഷം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോര് ലേണെന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. കൊവിന്‍ ആപ്പിലെ വിവരങ്ങൾ പുറത്തായത് ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും കീഴിലാണ് കൊവിന്‍ ആപ്പിന്‍റെ മേല്‍നോട്ടം. ഫോണ്‍ നമ്പറും ഒടിപിയും കൊവിന്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നതിനെപ്പറ്റി അന്വേഷണം നടത്തേണ്ടതുണ്ട്. ഡേറ്റ സൂക്ഷിക്കുന്ന വിഷയത്തിൽ കൊവിന്‍ ആപ്പിനെതിരെ നേരത്തെ ഉയർന്നുവന്ന പരാതികൾ പ്രതിപക്ഷ ആരോപണം മാത്രമാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

കൊവിന്‍ ആപ്പിലെ വിവരങ്ങൾ ചോർന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഈ വിഷയം തള്ളിക്കളയാനാകുന്നതല്ലെന്നും അടിയന്തര അന്വേഷണം പ്രഖ്യാപിക്കാൻ വൈകരുതെന്നും തൃണമൂല്‍ കോൺഗ്രസ് വ്യക്തമാക്കി.

ഒരു വ്യക്തി ഏത് വാക്സിനാണ് എടുത്തതെന്ന് മറ്റൊരാള്‍ക്ക് അറിയാനാകുന്നത് വലിയ പ്രശ്നങ്ങൽക്ക് വഴിവെയ്ക്കും. ആധാര്‍ നമ്പറോ ഫോൺ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. ഈ വിവരങ്ങൾ രാജ്യത്തെവിടെയിരുന്നും ചോര്‍ത്താനാകും. പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും വിവരങ്ങള്‍ ഇത്തരത്തിൽ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാക്സിനെടുത്തവരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട ടെല​ഗ്രാം ബോട്ടിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കുമെന്നാണ് ഹാക്കർമാർ അറിയിച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp