നഴ്സിംഗ് കോളജിൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ അടച്ചുപൂട്ടി

ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനം അടച്ചു പൂട്ടി. പഴയുകുന്നുമേൽ പഞ്ചായത്ത് കിളിമാനൂർ പൊലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നതിനാൽ പ്രവർത്തിക്കാൻ ലൈസൻസ് നല്കിയിരുന്നില്ലെന്ന് പഞ്ചായത്ത്. അഡ്മിഷൻ ഫീസ് ഇനത്തിലുൾപ്പെടെ വിദ്യാർത്ഥികളിൽ നിന്ന് എസ്എംഎസി തട്ടിയത് ലക്ഷങ്ങൾ.

രാജീവ് ഗാന്ധി സർവകലാശാലക്ക് കീഴിലെ കർണ്ണാടക കോളേജിൽ അഡ്മിഷൻ തരപ്പെടുത്തി എന്ന് പറഞ്ഞാണ് എസ്എംഎസി ഗ്ലോബൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ കിളിമാനൂർ ശാഖാ തട്ടിപ്പ് നടത്തിയത്. അഡ്മിഷൻ ഫീസ് ഇനത്തിലുൾപ്പെടെ ലക്ഷക്കണക്കിന് രൂപയാണ് കിളിമാനൂരിലെ പത്ത് വിദ്യാർത്ഥികളിൽ നിന്ന് തട്ടിയത്. കൂടാതെ രക്ഷിതാക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ എന്ന വ്യാജേനെ മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ലോണും തരപ്പെടുത്തി. ബംഗളുരുവിൽ എത്തിയ വിദ്യാർഥികൾ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവം വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് സ്ഥാപനം അടച്ചു പൂട്ടിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ല എന്ന് ചൂണ്ടിക്കാട്ടി പഴയകുന്നുമ്മേൽ പഞ്ചായത്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിളിമാനൂർ പൊലീസിന്റെ നടപടി.  

വിദ്യാഭ്യാസ രേഖകൾ ഉൾപ്പെടെ എസ്എംഎസി പിടിച്ചിവെച്ചിരിക്കുകയാണെന്നും, തിരികെ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും തട്ടിപ്പിനിരയായ വിദ്യാർഥികൾ പറഞ്ഞു. തട്ടിപ്പിനിരയായ 10 വിദ്യാർഥികൾ കിളിമാനൂർ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയാറാകുന്നില്ലെന്നാണ് രക്ഷിതാക്കൾ ഉൾപ്പെടെ ആരോപിക്കുന്നത്. അതെ സമയം നിയമപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാമെന്നാണ് പോലീസ് നിലപാട്. വിഷയം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp