പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം; ആറ് വീടുകൾ പൂർണമായി തകർന്നു

തിരുവനന്തപുരം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം. ആറ് വീടുകൾ പൂർണമായി തകർന്നതായി നാട്ടുകാർ പറഞ്ഞു. നാല് വീടുകൾ ഭാഗികമായി തകർന്നു.37 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൂടുതൽ പേരെ മാറ്റിപാർപ്പിക്കുകയാണ്. കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിലേക്ക് പോകുന്ന റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തു.

അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ്‌ മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത 4 ദിവസം കേരള തീരത്തു കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലാകാനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. മഴയോടൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp