ഈ വർഷം 6,500 ശതകോടീശ്വരന്മാർ രാജ്യം വിടും; പേകുന്നത് ഈ രണ്ട് രാജ്യങ്ങളിലേക്ക്

യുവാക്കൾ പഠനത്തിനായും ജോലിക്കായും മറ്റും രാജ്യം വിട്ട് പോകുന്നത് ചർച്ചയാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ആയിരക്കണക്കിന് വരുന്ന ശതകോടീശ്വരന്മാരും രാജ്യം വിടുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 (എച്ച്എൻഡബ്ല്യുഐ) പ്രകാരം ഇന്ത്യയിലെ 6,500 ശതകോടീശ്വരന്മാർ രാജ്യം വിടുമെന്നാണ് പറയുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ പൊഴിഞ്ഞുപോയ രാജ്യം ചൈനയാണ്. 13,500 ശതകോടീശ്വരന്മാരാണ് ചൈനയിൽ നിന്ന് പോയത്. തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 6,500 പേർ രാജ്യം വിടുമ്പോഴും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഈ സംഖ്യയെന്ന് എച്ച്എൻഡബ്ല്യുഐ പറയുന്നു. കഴിഞ്ഞ വർഷം 7,500 ശതകോടീശ്വരന്മാരാണ് രാജ്യം വിട്ടത്. ഈ കൊഴിഞ്ഞുപോക്ക് ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യയിൽ നിന്ന് നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ശതകോടീശ്വരന്മാർ പുതുതായി ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

സമ്പന്നരായ ഇന്ത്യൻ കുടുംബങ്ങൾ ചേക്കേറുന്നത് പ്രധാനമായും ദുബായിലേക്കും സിംഗപ്പൂരിലേക്കുമാണ്. ഗോൾഡൻ വീസ പദ്ധതി, അനുകൂലമായ നികുതി സാഹചര്യം, വ്യവസായത്തിനുള്ള മികച്ച അന്തരീക്ഷം, സുരക്ഷിതവും സമാധാനപരവുമായ ചുറ്റുപാട് എന്നിവയാണ് ദുബായിലേക്ക് ഇന്ത്യൻ സമൂഹം ആകൃഷ്ടരാകാനുള്ള പ്രധാന കാരണം.

ഈ വർഷം മാത്രം ലോകമെമ്പാടുമുള്ള 5,200 ശതകോടീശ്വരന്മാർ ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുമെന്നാണ് പ്രവചനം. യുഎഇയിലേക്ക് 4,500 ഉം സിംഗപ്പൂരിലേക്ക് 3,200 ഉം അമേരിക്കയിലേക്ക് 2,100 പേരും ചേക്കേറുമെന്നും പ്രതീക്ഷിക്കുന്നു. സ്വിറ്റ്‌സർലൻഡ്, കാനഡ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ, ന്യൂസീലൻഡ് എന്നിവയാണ് ശതകോടീശ്വരന്മാർ ചേക്കേറുന്ന മറ്റ് രാജ്യങ്ങൾ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp