കെ സുധാകരനെതിരെയുള്ള മോൻസന്റെ ഡ്രൈവറുടെ വെള്ളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തും. മോൻസന്റെ പ്രതികരണത്തിലും അന്വേഷണം ഉണ്ടാകും. സർക്കാർ വേട്ടയാടുന്നു എന്ന കെ സുധാകരന്റെ പരാമർശത്തിൽ ട്രമ്പും പറയുന്നത് ഒരേ കാര്യമെന്ന് അദ്ദേഹം പരിഹാസം രേഖപ്പെടുത്തുകയും ചെയ്തു. ജോലിക്കായി കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിന്റെ അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നു എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു. നിഷേധിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ് ആരോപണങ്ങളിൽ ഉള്ളത്. സുധാകരന്റെ ജീവനക്കാർക്ക് അക്കൗണ്ട് വഴി പണം അയച്ചു. മോൻസന്റെ കുറ്റ കൃത്യങ്ങളിൽ സുധാകരനും പങ്കുണ്ടന്നാണ് ഡ്രൈവറുടെ ആരോപണം. ഇതാണ് പോലീസ് അന്വേഷിക്കുന്നത്. അല്ലാതെ, സർക്കാരിന് പ്രതികാര മനോഭാവം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
മോൻസന്റെ കൈയിൽനിന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് മോൻസന്റെ ഡ്രൈവർ അജിത് വെളിപ്പെടുത്തൽ നടത്തിയിരുന്നു. സുധാകരനു പുറമെ ഐജി ലക്ഷ്മണയ്ക്കും മുൻ ഡിഐജി സുരേന്ദ്രനും മോൻസൺ പണം നൽകി. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ മോൻസന്റെ പരാമർശം വിഷയത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അജിത് കൂട്ടിച്ചേർത്തു.