പാർലമെന്റ് പ്രതിഷേധ മാർച്ച്; ഗുസ്തി താരങ്ങൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കാൻ പൊലീസ്

റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാരിന് അഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഗുസ്തി താരങ്ങൾക്കെതിരെ എടുത്ത കേസുകൾ പോലീസ് പിൻവലിക്കും.

കഴിഞ്ഞമാസം 28ന് പാർലമെന്റിന്റെ ഉദ്ഘാടന ദിവസം നടത്തിയ പ്രതിഷേധ മാർച്ചിന്റെ പേരിലാണ് ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിരോധനാജ്ഞ ലംഘിക്കൽ, നിയമം ലംഘിച്ച സംഘം ചേരൽ, പോലീസ് ഉദ്യോഗസ്ഥരുടെ കടമ തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കേസ് പിൻവലിക്കുമെന്ന് കേന്ദ്ര കായികം മന്ത്രി അനുരാജ് സിംഗ് ഠാക്കൂർ താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

ഇതിനിടെ ഇന്നലെ ഡൽഹി പൊലീസ് ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡൽഹി റോസ് അവന്യു കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കേസ് നിലനിൽക്കില്ല എന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ എഫ്‌ഐആർ റദ്ദാക്കണമെന്നും ഡൽഹി പൊലീസ് വാദിച്ചു.

ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ മറ്റ് സമര പരിപാടികളിലേക്ക് കടക്കാതിരുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസിന് ഗുസ്തി താരങ്ങൾ തെളിവുകൾ കൈമാറിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp