ബഹിരാകാശത്ത് നട്ടുവളർത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) വെജ്ജി സൗകര്യത്തിന്റെ ഭാഗമായി വളർത്തിയ സിന്നിയ ചെടിയുടെ ഫോട്ടോയാണ് നാസ പുറത്തുവിട്ടത്. സിന്നിയ പൂവിന് ഓറഞ്ച് ദളങ്ങൾ ആണുള്ളത്. ഇലകളും ഫോട്ടോയിൽ കാണാം. ഔട്ട് ഓഫ് ഫോക്കസിൽ ഭൂമിയും ബഹിരാകാശത്തിന്റെ കറുപ്പും ചിത്രത്തിൽ കാണിക്കുന്നു.
1970-കൾ മുതൽ ശാസ്ത്രജ്ഞർ ബഹിരാകാശത്ത് സസ്യങ്ങൾ വളർത്തുന്നതിനെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. 2015-ൽ നാസയുടെ ബഹിരാകാശയാത്രികൻ കെജെൽ ലിൻഡ്ഗ്രെൻ ഐഎസ്എസിൽ വെജ്ജി സിസ്റ്റം പരീക്ഷിക്കാൻ തുടങ്ങിയത്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജ്ജി സൗകര്യത്തിന്റെ ഭാഗമായാണ് സിന്നിയയെ ഭ്രമണപഥത്തിൽ വളർത്തിയത്. ഈ പ്രത്യേക പരീക്ഷണം 2015-ൽ ISS-ൽ നാസ ബഹിരാകാശ സഞ്ചാരി കെജെൽ ലിൻഡ്ഗ്രെൻ ആരംഭിച്ചതാണ്’ നാസ കുറിക്കുന്നു.
‘നമ്മുടെ ബഹിരാകാശ ഉദ്യാനം കേവലം പ്രദർശനത്തിനുള്ളതല്ല: ഭ്രമണപഥത്തിൽ സസ്യങ്ങൾ എങ്ങനെ വികസിക്കുന്നുവെന്ന് പഠിക്കുന്നത് ഭൂമിയിൽ നിന്ന് വിളകൾ എങ്ങനെ വളർത്താമെന്ന് മനസിലാക്കാൻ ഞങ്ങളെ സഹായിക്കും, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘകാല ദൗത്യങ്ങളിൽ പുതിയ ഭക്ഷണത്തിന്റെ വിലയേറിയ ഉറവിടം നൽകുന്നു’- എന്നും നാസ കൂട്ടിച്ചേർക്കുന്നു. ‘സിന്നിയ വളർത്തുന്നതിനുള്ള വെല്ലുവിളി നിറഞ്ഞ പ്രക്രിയ ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് മൈക്രോ ഗ്രാവിറ്റിയിൽ സസ്യങ്ങൾ എങ്ങനെ വളരുന്നു എന്ന് നന്നായി മനസ്സിലാക്കാനും ബഹിരാകാശയാത്രികർക്ക് ഒരു ആഴത്തിലുള്ള ബഹിരാകാശ ദൗത്യത്തിൽ തങ്ങൾ ഏൽപ്പിക്കുന്ന കാര്യങ്ങൾ പരിശീലിക്കാനും അസാധാരണമായ അവസരമൊരുക്കി’- കുറിപ്പ് നീളുന്നു.
നാസയുടെ ബഹിരാകാശയാത്രികർ ഐഎസ്എസിൽ ചീരയും തക്കാളിയും മുളകുചെടിയും മറ്റു പച്ചക്കറികളും നട്ടുവളർത്തിയിട്ടുണ്ട്. ഇനിയും ധാരാളം ചെടികൾ വരാനുണ്ട്.