ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കൽ; പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.
പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് കിട്ടിയതാണെന്ന് വില്ലേജ് ഓഫീസർ വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

ജീവനക്കാർ ഉച്ചതിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കൊടുക്കാൻ പോവുന്നതായും സർട്ടിഫിക്കറ്റുകൾക്കായി ഓഫീസിലെത്തുന്നവരിൽ നിന്നു കൈക്കൂലി വാങ്ങുന്നതായുമുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.
വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വിജിലൻസ് പരിശോധനയ്ക്ക് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ ഒരു ജീവനക്കാരൻ മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അളവ് ടേപ്പും ഓഫീസ് രേഖകളുമായി സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷയിൽ വന്നിറങ്ങുകയായിരുന്നു. ഓട്ടോ ചെലവടക്കം അളവുകൂലി 3,500 രൂപയും മറ്റൊരാൾ ലൊക്കേഷൻ സ്കെച്ചിന് 500 രൂപയും തന്നതാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥരോട് ഉദ്യോഗസ്ഥൻ സമ്മതിച്ചു.

ഇരുപതോളം അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും മുൻഗണനാക്രമം തെറ്റിച്ച് അപേക്ഷ തീർപ്പാക്കിയതായും പരിശോധനയിൽ കണ്ടെത്തി. പരിശോധനാറിപ്പോർട്ട് തുടർനടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp