അന്തരിച്ച സിനിമാ, നാടക നടന് പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
പൂജപ്പുര രവിയുടെ വിദേശത്തുള്ള മകന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയ കലാകാരന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. തിങ്കളാഴ്ച ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച തന്നെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു.
നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച പൂജപ്പുര രവി 86ാം വയസിലാണ് മലയാള സിനിമാ ലോകത്തോട് വിടപറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവന് പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രന് നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1970കളിലാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1990കളില്‍ സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 1992ല്‍ അഭിനയിച്ച ”കള്ളന് കപ്പലില്‍തന്നെ എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായി…വിവിധ തലമുറകളില്‍ തിളങ്ങി നിന്ന ഒട്ടനവധി നടന്മാര്ക്കൊപ്പം പൂജപ്പുര രവി വേഷമിട്ടിട്ടുണ്ട്.