പനിച്ചുവിറച്ച് കേരളം; ഇത് ഡെങ്കിപ്പനി, എലിപ്പനി മുതലായവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയം

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനികളും സംസ്ഥാനത്ത് വ്യാപകമാകുന്നത് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഈമാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപനി സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഒന്‍പത് എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണൈന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗങ്ങള്‍ക്കെതിരെ ഓരോരുത്തരും കരുതിയിരിക്കേണ്ടതുണ്ട്.

ഈമാസം 3678 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഇതില്‍ 877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 2801 പേര്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 165 പേരാണ് എലിപ്പനിയ്ക്ക് ഈമാസം ചികിത്സതേടിയത്. ഒന്‍പത് എലിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ പനിബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടാകും. വൈറല്‍ പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ രീതിയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദിവസത്തിനിടെ രണ്ട് പേര്‍ എലിപ്പനി ബാധിച്ച് മരിയ്ക്കുന്ന സ്ഥിതിയുണ്ടായി. കൊടുമണ്‍ സ്വദേശികളായ മണി, സുജാത എന്നിവര്‍ക്കാണ് ഒരു ദിവസത്തെ ഇടവേളയില്‍ എലിപ്പനി മൂലം ജീവന്‍ നഷ്ടമായത്. പത്തനംതിട്ട ജില്ലയില്‍ തന്നെ ദിവസങ്ങള്‍ക്ക് മുന്‍പ് അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.

കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതല്‍ പനിവാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാന്‍ മരുന്നുകള്‍ വ്യാപകമായി നല്‍കുന്നുണ്ടെങ്കിലും പലരും മരുന്ന് കഴിക്കാന്‍ വിമുഖത കാട്ടുന്നു എന്ന പ്രശ്‌നവും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ മുന്നിലുണ്ട്. ആവശ്യത്തിന് മരുന്നുകള്‍ എല്ലാ ആശുപത്രിയിലും എത്തിച്ചിട്ടുണ്ടെന്നും കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് കൃത്യമായി പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

എലിപ്പനി, ഡെങ്കിപ്പനി മുതലായ ഗുരുതര പകര്‍ച്ചവ്യാദികളും നിന്നും വൈറല്‍പ്പനി പോലുള്ളവയും കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ചികിത്സ തേടുന്നതിന് ഇവയുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പേശീവേദന, കാല്‍മുട്ടില്‍ അതിശക്തമായ വേദന, കണ്ണില്‍ വീക്കവും വേദനയും, കണ്ണിന് ചുവപ്പുനിറം മുതലായവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒട്ടുംവൈകാതെ ചികിത്സ തേടാം. ശക്തമായ പനിയ്‌ക്കൊപ്പം മഞ്ഞപ്പിത്തവും ഉണ്ടായാല്‍ എലിപ്പനിയാണോ എന്ന് ബലമായി സംശയിക്കണം. പനിയ്‌ക്കൊപ്പം ഛര്‍ദിയും വയറിളക്കവും ഉണ്ടാകുന്നതും എലിപ്പനിയുടെ ലക്ഷണമാണ്.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും തടുപ്പുകള്‍ മുതലായവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഇവയ്‌ക്കൊപ്പം കടുത്ത വയറുവേദന, മലത്തിന് കറുത്ത നിറം, ശ്വാസ തടസം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതും ലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടേണ്ടതും നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള വലിയ ഒരു ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമാണ്. ഡെങ്കിപ്പനി, ഇന്‍ഫഌവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് കര്‍ശനമായി നിര്‍ദേശിക്കുന്നു.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടത്തിയിരുന്നു. ശുചീകരണത്തില്‍ നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും ഫ്രിഡ്ജിന്റെ ഡ്രേയും കൊതുകിന്റെ ഉറവിടമാകുന്നതിനാല്‍ വലിയ ദോഷം ചെയ്യും. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കള്‍ മഴവെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മൂടിവയ്ക്കുക. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴനനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കാതിരുന്നാല്‍ എലിപ്പനി ഗുരുതരമാകും. അതിനാല്‍ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാന്‍ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കേണ്ടതാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഡോക്‌സിസൈക്ലിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങള്‍. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണര്‍ തുടങ്ങിയ ജല സ്‌ത്രോതസുകളില്‍ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷന്‍ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. പ്രതിരോധ മരുന്നുകള്‍ കഴിക്കാതിരുന്നും കൃത്യമായി ചികിത്സ തേടാതിരുന്നും സ്വയം ചികിത്സിച്ചും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളെ അവഗണിച്ചാല്‍ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടേയും ആരോഗ്യത്തിന് ഇത് ഭീഷണിയാകുമെന്ന് മനസിലാക്കേണ്ടത് ഈ ഘട്ടത്തില്‍ വളരെ പ്രധാനവുമാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp