കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ

അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ അവസാനിച്ച ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയിൽ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കാൻ തീരുമാനം എടുത്തിരുന്നു. ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു. തുടർന്ന് രാജ്യം മത്സരത്തിനായി ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാൽ, മത്സരം നടത്താനുള്ള ചെലവ് ഭീമമായിരുന്നു എന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട്‌ പറഞ്ഞു. 

ഇന്ത്യൻ ഫുട്ബോളിന് സാമ്പത്തികമായി ധാരാളം പരിമിതികളുണ്ട്. ഇന്ത്യയിൽ കളിക്കുന്നതിനായി അർജന്റീന ചോദിക്കുന്ന പണം കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ലോകകപ്പ് വിജയത്തിന് ശേഷം ലോകത്ത് ഏറ്റവും അധികം ഡിമാന്റുള്ള ടീമായി അർജന്റീന മാറി. ഒരു മത്സരം കളിക്കുന്നതിന് അവർ ആവശ്യപ്പെടുന്ന തുക 32 കോടി മുതൽ 40 കോടി വരെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി രണ്ടു മത്സരങ്ങൾ കളിക്കാനായിരുന്നു അർജന്റീനയുടെ നീക്കം. ഒരെണ്ണം ഇന്ത്യയിലും മറ്റൊന്ന് ബംഗ്ലാദേശിലും. എന്നാൽ, ഇരു ടീമുകൾക്കും മത്സരത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാൻ സാധിച്ചില്ല. തുടർന്നാണ്, അർജന്റീന ജൂൺ 15 ന് ബീജിംഗിൽ ഓസ്‌ട്രേലിയയുമായും ഇന്നലെ ജക്കാർത്തയിൽ ഇന്തോനേഷ്യയുമായും സൗഹൃദ മത്സരങ്ങൾ കളിച്ചത്. ഈ കാലയളവിൽ തന്നെ അമേരിക്കയിലും മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം പ്ലാൻ ചെയ്യുന്നുണ്ട്.

അർജന്റീനയും ഇന്ത്യയും തമ്മിൽ ഫുട്ബാളിൽ സഹകരിക്കാനുള്ള ചർച്ചകൾ നടന്നിരുന്നു എന്ന് ഷാജി പ്രഭാകരൻ പറഞ്ഞു. അർജന്റീന ക്ലബ്ബുകൾകും ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹമുണ്ട്. ഈ വർഷം ആദ്യം, ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയ്ക്ക് കേരളം നൽകിയ പിന്തുണയെ അഭിനന്ദിച്ച ഇന്ത്യയിലെ അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ ജാവിയർ ഗോബി, കേരള മുഖ്യമന്ത്രി പിണറായി വിജയന് അർജന്റീന ദേശീയ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അർജന്റീന ഇതിനുമുമ്പും ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. ഇത്തവണ ഇന്ത്യക്ക് ലോകജേതാക്കൾ എന്ന നിലയിൽ അർജന്റീനക്കും മെസ്സിക്കും ആതിഥേയത്വം വഹിക്കാമായിരുന്നു. എന്നാൽ, അതിനുള്ള ചെലവ് ഇന്ത്യക്ക് വഹിക്കാൻ സാധിക്കാത്ത ഒന്നാണ് എന്നതാണ് യാഥാർഥ്യം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp