സാഫ് കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെതിരെ; പാകിസ്താനി ടീമിൽ അണിനിരക്കുക വിദേശ ലീഗിലെ താരങ്ങൾ

സാഫ് കപ്പിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 195-ാം സ്ഥാനത്തുള്ള പാകിസ്താനാണ് എതിരാളികൾ. ഇന്ത്യയാകട്ടെ, ഫിഫ റാങ്കിങ്ങിൽ 98-ാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി 07:30 ന് കർണാടക ബാംഗ്ലൂരിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഫാൻകോഡ് ആപ്പിൽ മത്സരം തത്സമയം ലഭ്യമാകും.

ലെബനനെ പരാജയപ്പെടുത്തി ഈ മാസം അവസാനിച്ച ഇന്റർകോണ്ടിനന്റൽ കപ്പ് ഉയർത്തിയ ഇന്ത്യ മികച്ച ഫോമിലാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഇന്ത്യ തോൽവിയറിയാതെ കുതിക്കുകയാണ്. ആറ് മത്സരങ്ങളിലും ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ചരിത്രത്തിലെ ഒൻപതാമത്തെ സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. കൂടാതെ, ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ടീം ഈ ടൂർണമെന്റ് കണക്കാക്കുക.

ഇന്ത്യയുടേതിൽ നിന്നും വിഭിന്നമാണ് പാകിസ്താൻ ക്യാമ്പിലെ സ്ഥിതിഗതികൾ. ഫിഫ റാങ്കിങ്ങിൽ ഏറെ പുറകിലുള്ള ടീം തങ്ങളുടെ ആദ്യ സാഫ് കപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 2018 മുതൽ 2020 വരെയും പിന്നീട് 2021 മുതൽ 2022 കാരേയും ടീമിനെ ഫിഫ സസ്‌പെന്റ് ചെയ്തിരുന്നു. കളിക്കളത്തിൽ ഒരു ഇടവേളക്ക് ശേഷം പാകിസ്താൻ തിരികെയെത്തുമ്പോൾ തെക്കേ ഏഷ്യൻ ഫുട്ബോളിൽ അവർ വെല്ലുവിളി ഉഅയർത്തുമോ എന്ന് കാണികൾ വീക്ഷിക്കുന്നു. കാരണം, മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ശക്തമായ സ്‌ക്വാഡ് പാകിസ്താനുണ്ട്. പലരും, യൂറോപ്പിൽ അടക്കം മുൻ നിര വിദേശ ലീഗിൽ കളിക്കുന്നവർ. എന്നാൽ, ആ ടീമിനെ കൃത്യമായി ഉപയോഗിക്കാൻ പരിശീലകൻ ഷെഹ്‌സാദ് അൻവറിന് സാധിച്ചിട്ടില്ല. അവസാന നാല് മത്സരങ്ങളിലും ടീം പരാജയം നേരിട്ടിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp