സംസ്ഥാനത്ത് 1000 കോടിയുടെ സെമി കണ്ടക്ടർ പാർക്ക് ആരംഭിക്കും

ഇലക്‌ട്രോണിക് ഘടകങ്ങളുടെ നിർമാണത്തിൽ സ്വയംപര്യാപ്തത ആർജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായയൂണിറ്റുകളും ആരംഭിക്കും. ഇതുസംബന്ധിച്ച് കെൽട്രോൺ, സി-ഡാക്, വി.എസ്.എസ്.സി., ഇലക്‌ട്രോണിക് ആൻഡ്‌ സെമി കണ്ടക്ടർ അസോസിയേഷൻ എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാറിപ്പോർട്ട്‌ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതലയോഗം ചർച്ചചെയ്തു.

സെമി കണ്ടക്ടർ ഉപകരണങ്ങൾ നിർമിക്കാനുള്ള ഫാക്ടറിയുടെയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ്‌ നിർമിക്കുന്ന ഫാക്ടറിയുടെയും രൂപരേഖ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. പദ്ധതി പ്രാവർത്തികമാക്കാൻ 1000 കോടിരൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഇലക്‌ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുൻനിർത്തി കേരളത്തെ ഇലക്‌ട്രോണിക് ഹബ്ബായി ഉയർത്തുകയാണ് ലക്ഷ്യം. സെമി കണ്ടക്ടർ അസംബ്ലിങ് ആൻഡ്‌ ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമാണയൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആൻഡ്‌ ട്രെയിനിങ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ പാർക്കിലുണ്ടാകുക. കൊച്ചിയിലും പാലക്കാട്ടുമായിരിക്കും ആദ്യയൂണിറ്റുകൾ. പെരുമ്പാവൂർ റയോൺസിന്റെ ഭൂമിയും പാലക്കാട് ഡിഫൻസ് പാർക്കുമാണ് യൂണിറ്റുകൾ സ്ഥാപിക്കാൻ പരിഗണിക്കുന്നത്.

പത്താഴ്ചയ്ക്കുള്ളിൽ വിശദമായി പദ്ധതിരേഖ തയ്യാറാകും. നേരിട്ട് ആയിരംപേർക്കും പരോക്ഷമായി മൂവായിരംപേർക്കും തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ഇവ. ഇതിന്റെ ഭാഗമായി മേഖലയിൽ അനുബന്ധസ്ഥാപനങ്ങൾ തുടങ്ങാൻ വ്യവസായികൾക്കും സംരംഭകർക്കും അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp