താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. നിർമ്മാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയിൽ ഉൾപ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങൾക്ക് വിയോജിപ്പുണ്ട്.
അതേസമയം നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് മാറി പ്രശ്‍നം ഒത്തു തീർപ്പിലേക്കെത്തി. ആർഡിഎക്സ് സിനിമയിൽ ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കി. ഷെയിനിന്റെ ഒരു വർഷത്തെ ഡേറ്റുകൾ താരസംഘടനയായ’അമ്മ’, ഇടപെട്ട് കൈ കാര്യം ചെയ്യുമെന്ന് സംഘടന നിർമാതാക്കളുടെ സംഘനടയ്ക്ക് ഉറപ്പ് നൽകി. എന്നാൽ സിയുടെ വിലക്കിൽ ചർച്ച തുടരുകയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു.