തൃശൂര്‍: റെയില്‍വേ സ്റ്റേഷനിൽ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിച്ച 1500 കിലോയോളം പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടി. പുഴു അരിച്ച നിലയിലായിരുന്നു പല ബോക്സുകളിലും മത്സ്യം ഉണ്ടായിരുന്നത്. തൃശൂരിലെ നാല് വ്യാപാരികള്‍ക്കായി എത്തിച്ച മത്സ്യമാണ് പിടികൂടിയത്.ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരം ഷാലിമാർ എക്സ്പ്രസിലാണ് തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ 36 പെട്ടികളിലായി മത്സ്യം എത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് _
ഇന്റലിജന്‍സ് വിഭാഗം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ റെയിൽവേ പരിശോധനക്ക് അനുമതി നല്‍കിയില്ല. പുലരുവോളം കാത്ത് നിന്ന ഉദ്യോഗസ്ഥര്‍ പുറത്തേക്കെത്തിച്ച മത്സ്യം പിടികൂടി പരിശോധന ആരംഭിച്ചു.
16 ബോക്സുകളിലായി 1286 കിലോ മത്സ്യം പുഴു അരിച്ച നിലയിൽ. മറ്റ് ഭൂരിഭാഗം
ബോക്‌സുകളിലെ മത്സ്യവും ഭക്ഷ്യയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂരിലെ നാല് വ്യാപാരികള്‍ക്കായി എത്തിച്ചതാണ് മത്സ്യം. പിടികൂടിയ മത്സ്യത്തിന്റെ സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചു. പുഴു അരിച്ച മത്സ്യം ആരോഗ്യ വകുപ്പിന് നശിപ്പിക്കാനായി കൈമാറി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി,