ഭാരത് ഇ-മാർട്ട്’ ദീപാവലിക്ക് ആരംഭിക്കും

ഓൺലൈൻ വ്യാപാരരംഗത്ത് സ്വന്തമായി ഇ-കൊമേഴ്‌സ് പോർട്ടലൊരുക്കാൻ വ്യാപാരികൾ. രാജ്യമെമ്പാടും സേവനം നൽകുന്ന ‘ഭാരത് ഇ-മാർട്ട്’ ദീപാവലിക്ക് തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ വ്യാപാരികൾക്കുമാത്രം ലഭ്യമാക്കുന്ന പോർട്ടൽ സേവനം പിന്നീട് പൊതുജനങ്ങൾക്കായി തുറക്കും.

രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് (സി.എ.ഐ.ടി.) പോർട്ടൽ വികസിപ്പിക്കുന്നത്. സെപ്റ്റംബർ 26 മുതൽ പോർട്ടലിൽ വ്യാപാരികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സി.എ.ഐ.ടി. ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. സി.എ.ഐ.ടി.ക്കുകീഴിലുള്ള ചെറുതും വലുതുമായ അരലക്ഷത്തോളം വ്യാപാരിസംഘടനകളിലുള്ളവർക്ക് സൗജന്യമായി തങ്ങളുടെ സ്ഥാപനത്തെ പോർട്ടലിൽ രജിസ്റ്റർചെയ്യാം. ജി.എസ്.ടി. അടയ്ക്കാത്ത ചെറുകിട വ്യാപാരികൾക്കും ചേരാം. സംഘടനയ്ക്കുകീഴിലെ എല്ലാ വ്യാപാരികളെയും ഇതിന്റെ ഭാഗമാക്കും. ആകെ എട്ടുകോടിയോളം വ്യാപാരികളാണുള്ളത്.

മൂന്നുവർഷത്തിലേറെയായി പോർട്ടലിന്റെ അണിയറജോലികൾ നടന്നുവരുകയാണ്. ഇതിനായി മൊബൈൽ ആപ്പുമുണ്ട്. പരമാവധി വ്യാപാരികളെ ചേർത്ത് പങ്കാളിത്തം ഉറപ്പാക്കും. വ്യാപാരികൾക്ക് പോർട്ടൽ പരിചയപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളിൽ സി.എ.ഐ.ടി. ശില്പശാലകൾ നടത്തിവരുകയാണ്. കേരളഘടകത്തിന്റെ നേതൃത്വത്തിൽ 27-ന്‌ തിരുവനന്തപുരത്ത് ശില്പശാല നടക്കും.

പോർട്ടൽ പ്രവർത്തനസജ്ജമാകുമ്പോൾ രാജ്യത്തെവിടെയുമുള്ളവർക്ക്‌ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കും. വ്യാപാരികൾക്കുപുറമേ വിതരണക്കാരെയും മാർക്കറ്റിങ് മേഖലയിലുള്ളവരെയും പോർട്ടലിൽ ഉൾപ്പെടുത്തും. അതിനാൽ വലിയ ചെലവില്ലാതെ ഈ സാധനങ്ങൾ എത്തിക്കാനുമാകും. സാധനസാമഗ്രികൾ മാത്രമല്ല ബാങ്ക്, ഇൻഷുറൻസ്, ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ് തുടങ്ങിയ സേവനങ്ങളും പോർട്ടൽ വഴി ലഭ്യമാക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp