കന്നഡ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രക്ഷേകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം മാത്രമാണ് ടീസറിനുള്ളതെങ്കിലും സംഭവം കളറാണ്. ടിന്നു ആനന്ദിനെ കാണിച്ച് തുടങ്ങുന്ന ടീസര്‍ ചിത്രം കെജിഎഫ് പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് തെളിയിക്കുന്നുണ്ട്. സിംഹവും കടുവയും ചീറ്റയും ആനയും ഒക്കെ അപകടകാരികളാണ്. പക്ഷേ ജുറാസിക് പാര്‍ക്കില്‍ അവരെ പേടിക്കേണ്ട.. കാരണം അവിടെ…. ഇത്തരമൊരു ഡയലോഗില്‍ നിന്നാണ് പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും മാസ് എന്‍ട്രി.
ചിത്രത്തിന്റെ ടീസര്‍ പുലര്‍ച്ചെ പുറത്തുവിട്ടത് എന്തുകൊണ്ടാണെന്ന കണ്‍ഫ്യൂഷനിലാണ് നിലവില്‍ ആരാധകര്‍. 5.12ന് തന്നെ ടീസര്‍ പുറത്തുവിട്ടത് അത് കെജിഎഫില്‍ റോക്കി ഭായ് കടലില്‍ മുങ്ങുമ്പോള്‍ ക്ലോക്കില്‍ കാണിക്കുന്ന സമയം ആയതിനാലാണെന്ന് ചില വ്‌ളോഗര്‍മാര്‍ കണ്ടെത്തിയിട്ടുമുണ്ട്. ശ്രുജി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി മുതലായവ വലിയ താരനിരയും ചിത്രത്തിലുണ്ട്. സെപ്തംബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ്.