ലോകത്തിന് മുന്നില്‍ ചാന്ദ്രദൗത്യത്തിലൂടെ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയുടെ ചുവടുവയ്പ്പാണ് ചന്ദ്രയാന്‍-3 എന്ന് ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍. ഇത്തരം ദൗത്യങ്ങളുടെ പേരില്‍ ലോകത്ത് അമേരിക്ക, ചൈന, റഷ്യ എന്നീ ശക്തികള്‍ കഴിഞ്ഞ് ചിത്രത്തിലേക്ക് എത്തുന്ന പേര് ഇന്ത്യ എന്നാക്കാനുള്ള വലിയ സാങ്കേതിക പ്രദര്‍ശനം കൂടിയാണ് ചന്ദ്രയാന്‍ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ദൗത്യത്തിന് സേഫ് ലാന്‍ഡിംഗ് തകരാര്‍ മാത്രമാണ് സംഭവിച്ചതെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ടെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോറിന്റെ ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ണായക ചാന്ദ്രദൗത്യത്തിന്റെ ചരിത്രദിവസത്തില്‍ തന്റെ ചില രസകരമായ ഐഎസ്ആര്‍ഒ ഓര്‍മകളും നമ്പി നാരായണന്‍ ട്വന്റിഫോറുമായി പങ്കുവച്ചു. 1966-67 കാലഘട്ടത്തില്‍ ബഹിരാകാശ പേടകത്തിന്റെ ഭാഗവുമായി തനിക്ക് കെഎസ്ആര്‍ടി ബസില്‍ യാത്ര ചെയ്യേണ്ടി വന്ന അനുഭവം അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അന്ന് ഐഎസ്ആര്‍ഒയ്ക്ക് ഒരു ജീപ്പും ഒരു കാറുമാണ് ഉണ്ടായിരുന്നത്. രണ്ട് വണ്ടിയും ഒഴിവില്ലാതിരുന്ന സമയത്ത് ബഹിരാകാശ വാഹനത്തിന്റെ ഭാഗവുമായി പോത്തന്‍കോട് ഭാഗത്തുനിന്ന് തുമ്പയിലേക്ക് പോയത് കെഎസ്ആര്‍ടിസി ബസിലാണ്. ബഹിരാകാശ വാഹനത്തിന്റെ ഭാഗം പേപ്പര്‍ കൊണ്ട് കൈയില്‍ പൊതിഞ്ഞാണ് വച്ചിരുന്നത്. പേപ്പര്‍ കീറിയ വശത്തുനിന്നും തിളങ്ങുന്ന ആ വസ്തുവിന്റെ ചില ഭാഗങ്ങള്‍ കണ്ട ബസിലുണ്ടായിരുന്നവര്‍ കൗതുകത്തോടെ തന്നെ നോക്കിയത് ഇപ്പോഴും ഓര്‍മയുണ്ടെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ഇത് കണ്ട് അബ്ദുള്‍ കലാം ഒരു കാര്‍ വിളിച്ച് വന്നൂടായിരുന്നോ എന്ന് ചോദിച്ചിരുന്നുവെന്നും നമ്പി നാരായണന്‍ ഓര്‍ത്തെടുക്കുന്നു.
അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള ആളുകളുമായി ബന്ധപ്പെട്ട തന്റെ ഓര്‍മകളും നമ്പി നാരായണന്‍ ട്വന്റിഫോറുമായി പങ്കുവച്ചു. ബഹിരാകാശ വാഹനങ്ങളുടെ പുനരുപയോഗ സാധ്യതയെക്കുറിച്ചാണ് കലാം കൂടുതലായി സംസാരിച്ചിരുന്നതെന്നും പേ ലോഡ് റിക്കവറയെക്കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നുവെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
ഉച്ചയ്ക്ക് 2.35നാണ് ചന്ദ്രയാന്‍-3ന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. കൗണ്‍ട് ഡൗണ്‍ തുടങ്ങി പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയും നെഞ്ചിടിപ്പും ഉയരുകയാണ്. ഐഎസ്ആര്‍ഒ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇതുവരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. വിക്ഷേപണം വാഹനമായ എല്‍വിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.