തിങ്കള്‍ തീരം തേടി കുതിച്ചുയര്‍ന്ന് രാജ്യത്തിന്റെ ചാന്ദ്രയാന്‍; ഭൂമിയേക്കാള്‍ ഉയരെ അഭിമാനം

ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാം ദൗത്യം ചന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് 2.35നാണ് വിക്ഷേപണം നടന്നത്. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ ഏഴാം ദൗത്യമാണിത്. ചന്ദ്രയാന്‍ പേടകവും വഹിച്ച് എല്‍.വി.എം ത്രീ റോക്കറ്റാണ് രാജ്യത്തിന്റെ അഭിമാനത്തോടൊപ്പം കുതിച്ചുയര്‍ന്നത്. 

സങ്കീര്‍ണമായ നാലു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്. ആദ്യം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കും. പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാണ്. അതിന് ശേഷമാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ നടത്തുന്ന സോഫ്റ്റ് ലാന്‍ഡിങ്ങും റോവറിന്റെ ചന്ദ്രനിലെ പരീക്ഷണങ്ങളും നടക്കുക.

ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ല്‍ ചന്ദ്രയാന്‍- 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.

ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂര്‍ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ചന്ദ്രയാന്‍ മൂന്നില്‍ ആണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp