‘ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കണം’; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അവസരം നൽകണമെന്ന് അപേക്ഷിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ടീമിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് മാറ്റണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചു. ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസ് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തയച്ചിട്ടുണ്ട്.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഒരു എളിയ അഭ്യർത്ഥന, ദയവായി ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കൂ. നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനും ത്രിവർണ്ണ പതാകയ്ക്കും വേണ്ടി ഞങ്ങൾക്ക് പോരാടണം! ജയ് ഹിന്ദ്!”- മോദിക്ക് എഴുതിയ കത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇഗോർ സ്റ്റിമാക് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഫുട്ബോളിനെ കാര്യമായി പിന്തുണച്ച സർക്കാരാണ് മോദി സർക്കാർ. യുവതാരങ്ങളെ കണ്ടെത്തുന്നതിന് സർക്കാർ വൻ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഈ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ പറഞ്ഞു.

ഒരു ദേശീയ ടീമെന്ന നിലയിൽ, കഴിഞ്ഞ നാല് വർഷമായി കഠിനാധ്വാനം ചെയ്യുകയും, അവിസ്മരണീയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. എല്ലാവരുടെയും പിന്തുണയോടെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു. ഫ്രാൻസിലെ എംബാപ്പെയെക്കുറിച്ചുള്ള മോദിയുടെ പ്രസംഗം ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കുന്ന എല്ലാ ആരാധകർക്കും പ്രചോദനം നൽകി. 2017 ലെ അണ്ടർ 17 ലോകകപ്പ് കളിച്ച ടീം അണ്ടർ 23 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു എന്ന വസ്തുത മറക്കരുത്. എല്ലാ അർത്ഥത്തിലും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഈ ടീം അർഹരാണ്-അദ്ദേഹം കുറിച്ചു.

കായിക മന്ത്രി അനുരാഗ് താക്കൂറുമായി താങ്കൾ സംസാരിക്കണം. പ്രധാനമന്ത്രി ഇടപെട്ട് ഇന്ത്യൻ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കണം. മനോഹരമായ ഗെയിമിനായി 1 ബില്യൺ ഇന്ത്യക്കാരുടെ പ്രതീക്ഷകളും പ്രാർത്ഥനകളും നമുക്കൊപ്പമുണ്ട്. താഴ്ന്ന റാങ്കിലുള്ള ടീമിന് മുൻനിര ടീമുകളെ തോൽപ്പിക്കാൻ അവസരമുള്ള കളിയാണ് ഫുട്ബോൾ എന്നതിന് ചരിത്രം സാക്ഷിയാണ്. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിനെ തഴയുന്നത് ശരിയല്ലെന്നും ഇഗോർ സ്റ്റിമാക് കത്തിൽ പറയുന്നു. തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ അവസരം ലഭിക്കില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകാൻ പോകുന്നത്. നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp