തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടി അവസാനമായി എഴുതിയ കത്ത് പുറത്തുവന്നു. കോടഞ്ചേരിയിലെ കോൺഗ്രസ് നേതാക്കൾക്ക് തൻ്റെ ലെറ്റർ ഹെഡിലെഴുതിയ ആശംസാ സന്ദേശമാണ് പുറത്തുവന്നത്. നാല് ദിവസം മുൻപ്, ഈ മാസം 14നാണ് അദ്ദേഹം ഈ കത്തെഴുതിയത്. കത്ത് ട്വൻ്റിഫോറിനു ലഭിച്ചു.
കോടഞ്ചേരിയിൽ കോൺഗ്രസിന് ആസ്ഥാന മന്ദിരമുയരുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ഇന്ദിരാഭവനായി മുൻകൈയെടുത്ത കോൺഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്നാഗ്രഹമുണ്ടെങ്കിലും കഴിഞ്ഞ ആറ് മാസമായി ബാംഗ്ലൂരിൽ ചികിത്സയിലായതിനാൽ അതിനു കഴിയില്ലെന്ന വിഷമവും അദ്ദേഹം പങ്കുവെക്കുന്നു.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. ജനങ്ങളെ സേവിക്കാൻ സമർപ്പിതനായ ഒരു മഹത്തായ വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായത്. കേരളത്തിന്റെ പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനകളും ദേശീയ രാഷ്ട്രീയ ഇടങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും എക്കാലവും സ്മരിക്കപ്പെടുമെന്നും രാഷ്ട്രപതി പറഞ്ഞു.
കോൺഗ്രസിന്റെ നെടുംതൂണായിരുന്നു ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു. ഇന്നു നാം പോരാടുന്ന മൂല്യങ്ങളോട് അദ്ദേഹം അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്നെന്നും പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയ അതികായനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമർപ്പണവും ജനസേവനവും എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു.