മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നല്‍കാന്‍ മലയാള ചലച്ചിത്ര ലോകവും. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം തിരുനക്കരയില്‍ എത്തി. തിരുനക്കര മൈതാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രിമുതല്‍ ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ തന്നെയും വിളിച്ചുകൊണ്ടുപോയി തോളില്‍ കയ്യിട്ട് ഒപ്പം നടന്ന ഉമ്മന്‍ചാണ്ടിയെ കുറിച്ച് വികാരാധീനനായാണ് മമ്മൂട്ടി പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നപ്പോള്‍ ‘ഞാന്‍ എന്ന വ്യക്തി ചുമക്കാന്‍ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി’ എന്നും മമ്മൂട്ടി കുറിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ജീവിതം പലരും പഠനവിധേയമാക്കി മാറ്റുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ചിങ്ങവനത്തെത്തി. ഇന്നലെ രാവിലെ ഏഴോടെ തിരുവനന്തപുരത്ത് നിന്നാംരഭിച്ച വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടു. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് പ്രിയപ്പെട്ട ജനനായകനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്. വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകള്‍. വൈകിട്ട് മൂന്നരയോടെ ഉമ്മന്‍ചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കുമെന്ന് കെ സി ജോസഫ് പറഞ്ഞു. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.