മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: വീഡിയോ ഷെയർ ചെയ്യരുതെന്ന് കേന്ദ്രം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം. വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ ഷെയർ ചെയ്യരുതെന്ന് നിർദ്ദേശം. അതേസമയം പ്രതിഷേധം ഉയർന്നതിനു പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയിൽ വസ്തുതയുണ്ടെങ്കിൽ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നൽകുമെന്നും ബിരേൻ സിംഗ് പറഞ്ഞു. ഹീനമായ കുറ്റകൃത്യമാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. സ്ത്രീകൾക്കെതിരായ അതിക്രമം അപലപക്കപ്പെടേണ്ടതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ ബിരേൻ സിംഗുമായി ഇക്കാര്യം സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ഇറാനി ഉറപ്പുനൽകി.

അതേസമയം, കഴിഞ്ഞ രണ്ട് മാസമായി നിശബ്ദത പാലിക്കുകയായിരുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കിയെന്നാണ് പരാതി.

അക്രമത്തെ തുടർന്ന് ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്‌തെന്ന് 19 വയസ്സുകാരിയായ പെൺകുട്ടി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp