കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി ഉദ്ഘാടകനാവില്ല; അനുസ്മരണ പ്രഭാഷണം നടത്തും

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാവില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

നാളെ വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചാണ് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ അനുസ്മരണ പ്രഭാഷകനാക്കി. അനുസ്മരണ പരിപാടിയിൽ ഉദ്ഘാടനം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് തീരുമാനം.

ഉമ്മൻ ചാണ്ടിയെന്ന ജനകീയ രാഷ്ട്രീയ നേതാവിനെ അനുസ്‌മരിക്കുന്ന പരിപാടിയിൽ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെ.പി.സി.സി ആദ്യം തീരുമാനിച്ചത്. എന്നാൽ മുതിർന്ന നേതാക്കളുടെ ഇടപെടലിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.

ഭരണ – പ്രതിപക്ഷ പാർട്ടികളിലെ മറ്റു നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്. നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാകും പരിപാടി നടക്കുക. ഒരു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ എതിർ പാർട്ടിയിൽ പ്രധാന നേതാവ് പങ്കെടുക്കുന്നുവെന്ന രാഷ്ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ടാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp