മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാല്‍ നിര്‍മിച്ച് ഐ.എസ്.ആര്‍.ഒ

മുട്ടിനുമുകളില്‍വെച്ച് കാല്‍ നഷ്ടപ്പെട്ടവര്‍ക്കായി മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാല്‍ നിര്‍മിച്ച് ഐ.എസ്.ആര്‍.ഒ. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വികസിപ്പിച്ച ഈ കൃത്രിമക്കാല്‍ ഉപയോഗിച്ച് ഒരു കാല്‍ നഷ്ടപ്പെട്ടയാള്‍ക്ക് ആയാസമില്ലാതെ നൂറുമീറ്റര്‍ നടക്കാനായി. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

മൈക്രോപ്രോസസര്‍, ഹൈഡ്രോളിക് ഡാംപര്‍, സെന്‍സറുകള്‍, കെയിസ്, ലിഥിയം അയേണ്‍ ബാറ്ററി, ഡി.സി. മോട്ടോര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കൃത്രിമക്കാല്‍. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് നടത്തത്തിന്റെ രീതികള്‍ ക്രമീകരിക്കാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ ലോക്കോമോട്ടോര്‍ ഡിസബലിറ്റീസ്, പണ്ഡിറ്റ് ദീന്‍ദയാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്സണ്‍ വിത്ത് ഫിസിക്കല്‍ ഡിസബിലിറ്റീസ്, ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായി കരാറുണ്ടാക്കിയാണ് ഐ.എസ്.ആര്‍.ഒ ഈ കൃത്രിമക്കാല്‍ നിര്‍മിച്ചത്. ഇതേനിലവാരത്തിലുള്ളതിന് നിലവില്‍ 10 മുതല്‍ 60 ലക്ഷം രൂപവരെ വിലവരുന്നുണ്ട്. കൃത്രിമക്കാല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ 4-5 ലക്ഷം രൂപയ്ക്ക് വില്‍ക്കാം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp